ഡബ്ലിൻ: വാപ്പുകളുടെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ തീരുമാനത്തെ പിന്തുണച്ച് ഫിൻ ഗെയ്ൽ സെനേറ്റർ മാർക്ക് ഡഫി. ഒറ്റത്തവണ ഉപയോഗിക്കാവുന്ന വാപ്പുകൾക്ക് ഏർപ്പെടുത്തിയ നിരോധനവും മറ്റ് നിയന്ത്രണങ്ങളും ഇതിനോടുള്ള ചെറുപ്പക്കാരുടെ ആകർഷണം കുറയ്ക്കും. ഇതിന് പുറമേ പരിസ്ഥിതി സംരക്ഷണത്തിലേക്കുള്ള നിർണായക ചുവടാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബുധനാഴ്ച മന്ത്രി ജോൺ കമ്മിൻസുമായുള്ള കൂടിക്കാഴ്ചയിൽ ആയിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
യുവതലമുറയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് വാപ്പുകൾക്ക് ഏർപ്പെടുത്തുന്ന നിയന്ത്രണവും ഇതിനോട് അനുബന്ധിച്ചുള്ള നിയമവും. നിലവിൽ രാജ്യത്ത് പുകയില ഉത്പന്നങ്ങൾക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ സംവിധാനം ഉണ്ട്. എന്നാൽ നിക്കോട്ടിൻ ഉത്പന്നങ്ങൾക്ക് ഇതില്ല. അടുത്തിടെയായി വാപ്പുകൾ വിൽക്കുന്ന കടകളുടെ എണ്ണം രാജ്യത്ത് കുതിച്ചുയരുകയാണ്. ഇതിൽ രക്ഷിതാക്കൾക്ക് വലിയ ആശങ്കയുണ്ടെന്നും മാർക്ക് ഡഫി പറഞ്ഞു.

