ഡബ്ലിൻ: പ്രമുഖ ചാരിറ്റി സംഘടനയായ എലോണിൽ നിന്നും സഹായം അഭ്യർത്ഥിക്കുന്ന വയോധികരുടെ എണ്ണത്തിൽ വർധന. സംഘടന പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ അടങ്ങിയിരിക്കുന്നത്. സഹായം അഭ്യർത്ഥിച്ചവരുടെ എണ്ണം റെക്കോർഡ് നമ്പറിലേക്ക് എത്തിയെന്നാണ് സംഘടന വ്യക്തമാക്കുന്നത്.
അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് ബുധനാഴ്ച വയോജന-ഭവന നിർമ്മാണ സഹമന്ത്രി കീരൻ ഒ’ഡോണൽ ആണ് റിപ്പോർട്ട് പുറത്തിറക്കിയത്. 2024 ൽ 44,000 വയോധികരാണ് എലോണിൽ നിന്നും സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ ആരോഗ്യം, പാർപ്പിടം, സാമ്പത്തികം മുതലായ ബുദ്ധിമുട്ടുകൾക്ക് സഹായം തേടിയവരാണ് ഇവരിൽ ഏറിയ പങ്കും. ഇവരിൽ 11,000 പേരുടെ ആവശ്യങ്ങൾ എലോൺ വിലയിരുത്തി. ഇവരിൽ 52 ശതമാനം പേർ കടുത്ത ഏകാന്തത അനുഭവിക്കുന്നവർ ആയിരുന്നു. 2023 ൽ ഇത് 58 ശതമാനം ആയിരുന്നു.

