ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് നഗരത്തിൽ ഉണ്ടായ കത്തി ആക്രമണത്തിൽ പൊതുജനരോഷം ഇരമ്പുന്നു. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ജനങ്ങൾ രംഗത്തുവരുമെന്ന സൂചന ലഭിച്ചതിന് പിന്നാലെ ശാന്തരാകണമെന്ന് പിഎസ്എൻഐ ജനങ്ങളോട് അഭ്യർത്ഥിച്ചു. കഴിഞ്ഞ ദിവസം ആയിരുന്നു സുഡാനി പൗരന്റെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റത്.
ഇതുവരെ സംഭവം തീവ്രവാദ ആക്രമണം ആണെന്ന തരത്തിലുള്ള വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് മാധ്യമങ്ങളോട് സംസാരിച്ച പിഎസ്എൻഐ വക്താവ് ഹെൻഡേഴ്സൺ പറഞ്ഞു. നിലവിൽ അന്വേഷണം പ്രാരംഭഘട്ടത്തിലാണ്. ആക്രമണത്തിന്റെ വിശദാംശങ്ങൾ തീർച്ചയായും പുറത്തുവിടും. സ്ഥലത്ത് നിന്നും ആക്രമണത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ശാന്തരായിരിക്കണം. സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

