ഡബ്ലിൻ: ഇസ്രായേൽ ബോണ്ട് വിഷയത്തിൽ അയർലൻഡ് സർക്കാരിനെതിരെ പ്രതിഷേധം. പലസ്തീൻ അനുകൂലികൾ സർക്കാർ വകുപ്പുകൾക്ക് മുൻപിൽ പ്രതിഷേധവുമായി ഒത്ത് കൂടി. ഇസ്രായേൽ ബോണ്ടുകളുടെ വിൽപ്പനയിൽ നിന്നും സെൻട്രൽ ബാങ്ക് അയർലൻഡ് പിന്മാറണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ഇന്നലെ വൈകീട്ടോടെ ആയിരുന്നു പ്രതിഷേധം. അയർലൻഡ്- പലസ്തീൻ സോളിഡാരിറ്റി ക്യാമ്പെയ്നിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം. ഡബ്ലിനിലെ സർക്കാർ കെട്ടിടങ്ങൾക്ക് മുൻപിൽ തടിച്ച് കൂടിയ ഇവർ പിന്നീട് ധനകാര്യവകുപ്പിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. രാഷ്ട്രീയ നേതാക്കളും പ്രതിഷേധത്തിന്റെ ഭാഗമായി.
ഇസ്രായേലിനോടൊപ്പം ചേർന്ന് പലസ്തീനിൽ നമ്മുടെ സെൻട്രൽ ബാങ്ക് വംശഹത്യ നടത്തുകയാണെന്ന് ലേബർ ടിഡി സിയാരൻ അഹേർൺ പറഞ്ഞു. ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

