ഗാൽവെ: അഴിമതി കേസിലെ പ്രതികളായ പോലീസുകാരെ കോടതിയിൽ ഹാജരാക്കി. റോസ്കോമണിലെ കിൽറ്റീവൻ ബല്ലിനാബോയ് സ്വദേശിയും 42 കാരനുമായ ബ്രയാൻ കരോൾ, ഗാൽവേ സ്വദേശിയും 47 കാരനുമായ ജെയിംസ് മൾഡൗണി എന്നിവരാണ് കേസിലെ പ്രതികൾ. ഇവർക്കെതിരെ തുടർ വിചാരണകൾക്ക് കോടതി നിർദ്ദേശം നൽകി. ലോംഗ്ഫോർഡ് ജില്ലാ കോടതിയിലാണ് ഇരുവരെയും ഹാജരാക്കിയത്.
രഹസ്യസ്വഭാവമുള്ള വിവരങ്ങൾ ചോർത്തി നൽകിയെന്നും ഇതിന്റെ തെളിവുകളുള്ള മൊബൈൽ ഫോൺ നശിപ്പിച്ചെന്നുമാണ് ബ്രിയാൻ കരോളിനെതിരായ കുറ്റം. കേസുമായി ബന്ധപ്പെട്ട് പരിശോധനയ്ക്കെത്തിയ വീട്ടിൽ നിന്നും പണം മോഷ്ടിച്ചതിനാണ് ജെയിംസിനെതിരെ കേസുള്ളത്. ഇരുവരെയും ആന്റി കറപ്ഷൻ ബ്യൂറോയാണ് അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ അഴിമതിയുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

