ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ നിന്നും അര നൂറ്റാണ്ട് മുൻപ് കാണാതായ കൗമാരക്കാരെക്കുറിച്ചുള്ള വിവരങ്ങൾക്കായി പുതിയ അഭ്യർത്ഥനയുമായി പോലീസ്. ബെൽഫാസ്റ്റിൽ നിന്നും 56 വർഷങ്ങൾക്ക് മുൻപ് കാണാതായ ഡേവിഡ് ലെക്കി, ജൊനാതൻ അവെൻ എന്നിവരെക്കുറിച്ചുള്ള വിവരങ്ങളാണ് പോലീസ് തേടുന്നത്. 1969 ൽ കാണാതാകുമ്പോൾ ഡേവിഡ് ലക്കിയ്ക്ക് 11 വയസ്സും ജൊനാതൻ അവെന് 14 വയസ്സും ആയിരുന്നു പ്രായം.
മാമെൽ സ്ട്രീറ്റിൽവച്ചായിരുന്നു ഡേവിഡിനെ കാണാതെ ആയത്. സിഡെൻഹാം ഡ്രൈവിലെ വീട്ടിൽ നിന്നായിരുന്നു ജൊനാതനെ കാണാതായത്. വീട്ടുകാരെ ചോദ്യം ചെയ്തതിൽ നിന്നും കുട്ടികൾ വീടുപേക്ഷിച്ച് പോകുന്നതിനുള്ള യാതൊരു സാഹചര്യവും ഇല്ലെന്നാണ് പോലീസിന് വ്യക്തമായത്.
നോർതേൺ അയർലൻഡ് പോലീസിലെ ലെഗസി ഇൻവസ്റ്റിഗേഷൻ ബ്രാഞ്ചിനാണ് അന്വേഷണ ചുമതല. ഇവരെ കാണാതായത് മുതൽ വലിയ ദു:ഖം ആണ് കുടുംബം അനുഭവിക്കുന്നത് എന്നും, ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം തങ്ങളെ അറിയിക്കണമെന്നും പോലീസ് വ്യക്തമാക്കി.

