ഡബ്ലിൻ: കോർക്ക് സിറ്റിയിലെ റിവർ ലീയിൽ ഉണ്ടായ മുങ്ങി മരണത്തിന്റെ ദൃശ്യങ്ങൾ ഫോണുകളിൽ നിന്നും നീക്കം ചെയ്യണമെന്ന ആവശ്യവുമായി പോലീസ്. ഫോണിൽ ദൃശ്യങ്ങൾ പകർത്തിയവർ അത് നീക്കം ചെയ്യണമെന്നും, മറ്റുള്ളവർക്ക് ഈ ദൃശ്യങ്ങൾ കൈമാറരുതെന്നും പോലീസ് അറിയിച്ചു. മരിച്ച ലൂക്ക് ഹൈഡിന്റെ (34) കുടുംബത്തിന്റെ അഭ്യർത്ഥനമാനിച്ചാണ് പോലീസിന്റെ നിർദ്ദേശം.
മരണത്തിന് പിന്നാലെ ലൂക്ക് ഹൈഡ് നദിയിൽ മുങ്ങിത്താഴുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ യുവാവിന്റെ അമ്മ രംഗത്ത് വരികയായിരുന്നു. എല്ലാവർക്കും മകന്റെ മരണം സർക്കസ് ആണെന്ന് ആയിരുന്നു അമ്മയുടെ പ്രതികരണം. മകനെ സഹായിക്കുന്നതിന് പകരം ദൃശ്യങ്ങൾ പകർത്താനാണ് ആളുകൾ ഉത്സാഹിച്ചത്. ഇത് കാണുമ്പോൾ വെറുപ്പ് തോന്നുന്നുവെന്നും 76 കാരിയായ എലിസബത്ത് ഹൈഡ് പറഞ്ഞു.

