ഡെറി: ഫുട്ബോൾ മത്സരത്തിനിടെ ഡെറിയിൽ ഉണ്ടായത് ആസൂത്രിത ആക്രമണമെന്ന് പോലീസ്. എന്നാൽ ഇതേക്കുറിച്ച് രഹസ്യന്വേഷണ വിഭാഗത്തിന് യാതൊരു വിവരവും ലഭിച്ചില്ല. സംഭവത്തിൽ ഗൂഢാലോചനയുൾപ്പെടെ അന്വേഷിച്ച് വരികയാണെന്നും പോലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച ആയിരുന്നു ഡെറിയിൽ ഫുട്ബോൾ ആരാധകർ തമ്മിൽ ഏറ്റുമുട്ടിയത്.
ഡെറി സിറ്റിയുടെയും ഡബ്ലിന്റെ ബൊഹീമിയൻസിന്റെയും ആരാധകർ തമ്മിലായിരുന്നു കയ്യാങ്കളി. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. ഇതിന് പുറമേ പ്രദേശവാസികളുടെ വാഹനങ്ങൾക്കും സംഘർഷത്തിനിടെ കേടുപാടുകൾ ഉണ്ടായി. സംഭവത്തിന് പിന്നാലെ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ച് പരിശോധിച്ചിരുന്നു. ഇതിൽ നിന്നാണ് ആക്രമണം ആസൂത്രിതമാണെന്ന് വ്യക്തമായത്.
മുഖം മൂടി ധരിച്ച് എത്തിയ ഒരാൾ ആളുകൾക്ക് നേരെ പടക്കങ്ങൾ എറിയുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതിന് പുറമേ മുഖം മൂടി ധരിച്ചെത്തിയ മറ്റൊരു സംഘം ഇരുമ്പ് വടിയും ഗോൾഫ് ക്ലബ്ബുകളും കയ്യിലേന്തി ആക്രോശിക്കുന്നതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.

