ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ സോഷ്യൽ ഹൗസിംഗ് വാടകക്കാരുടെ വാടക വർധിച്ചു. തിങ്കളാഴ്ച ( ഏപ്രിൽ 6) മുതലായിരുന്നു പുതുക്കിയ വാടക നിരക്ക് നിലവിൽവന്നത്. വാടക വർധനവിനെതിരെ ഉയരുന്ന ശക്തമായ എതിർപ്പ് വകവയ്ക്കാതെയാണ് ഡബ്ലിൻ സിറ്റി കൗൺസിൽ വാടക ഉയർത്തിയത്.
പുതിയ ഡിഫറൻഷ്യൽ റെന്റ് സ്കീമിന്റെ ഭാഗമായിട്ടാണ് ഡബ്ലിൻ സിറ്റി കൗൺസിൽ സോഷ്യൽ ഹൗസിംഗ് വാടകയിൽ മാറ്റം വരുത്തിയിരിക്കുന്നത്. കഴിഞ്ഞ 30 വർഷത്തിനിടെ ആദ്യമായിട്ടാണ് മാറ്റം വരുത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഡബ്ലിൻ നഗരത്തിലെ എല്ലാ സോഷ്യൽ ഹൗസിംഗ് ടെനൻസികൾക്കും ഈ വർധനവ് ബാധകമാണ്. കൗൺസിൽ ഉടമസ്ഥതയിലുള്ളതോ പാട്ടത്തിനെടുത്തതോ ആയ വീടുകളും അംഗീകൃത ഭവന സ്ഥാപനങ്ങളും ഹൗസിംഗ് അസിസ്റ്റൻസ് പേയ്മെന്റ് (HAP) സ്വീകരിക്കുന്ന വാടകക്കാരും ഇതിൽ ഉൾപ്പെടുന്നു.

