അമരാവതി : ആന്ധ്രാപ്രദേശിലെ ഓംഗോളിലെ തീരത്ത് കര തൊട്ട് മുരസു ചുഴലിക്കാറ്റ്. പുലർച്ചെ നാലു മണിയോടെയാണ് മുരസു തീരം തൊട്ടത് . ഓംഗോളിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ തുടരുകയാണ്. നെല്ലൂർ, കൃഷ്ണ,പ്രകാശം, ബാപ്ടല പ്രദേശങ്ങളിലുള്ളവരെ നേരത്തെ തന്നെ മാറ്റിപ്പാർപ്പിച്ചിരുന്നു.
തമിഴ്നാട്ടിലും മഴ മുന്നറിയിപ്പുണ്ട്. ഏഴ് ജിലകളിലും, പുതിച്ചേരിയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ചെങ്കല്‍പേട്ട്, കാഞ്ചീപുരം, തിരുവണ്ണാമലൈ, കള്ളാക്കുറിച്ചി, വില്ലുപുരം, കടലൂർ, സേലം എന്നിവിടങ്ങളിലാണ് യെല്ലോ അലേർട്ടുള്ളറ്റ് . ചെന്നൈ , തിരുവള്ളൂർ എന്നിവിടങ്ങളിലെ മഴ മുന്നറിയിപ്പ് പിൻ വലിച്ചു.
വിജയവാഡ , തിരുപ്പതി, വിശാഖപട്ടണം എന്നിവിടങ്ങളിൽ നിന്നുള്ള 19 വിമാനസർവീസുകൾ റദ്ദാക്കി. തീരദേശ മേഖലയിലൂടെ കടന്നു പോകുന്ന ട്രെയിൻ സർവീസുകളും റദ്ദാക്കി. അതേസമയം സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും, മറ്റന്നാളും ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. വെള്ളിയാഴ്ച്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ , പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റിന്റെ ഭാഗമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത് . മഴയ്ക്കൊപ്പം ചില സ്ഥലങ്ങളിൽ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട് .

