സ്ലിഗോ: കൗണ്ടി സ്ലിഗോയിൽ പർവ്വതത്തിൽ കുടുങ്ങിയ നാല് പേരെ രക്ഷിച്ചു. ബെൻബുൾബിൻ എന്നറിയപ്പെടുന്ന നോർത്ത് സ്ലിഗോ മൗണ്ടെയ്നിൽ കുടുങ്ങിയ നാല് പേരെയാണ് രക്ഷിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.
പർവ്വതാരോഹകരാണ് നാല് പേരും. മുകളിലേക്ക് കയറുന്നതിനിടെ ഇവർക്ക് ദിശ തെറ്റുകയായിരുന്നു. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മൗണ്ടൻ റെസ്ക്യൂ ടീമും പോലീസും സ്ഥലത്ത് എത്തി രക്ഷാ പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു.
കോസ്റ്റ്ഗാർഡിന്റെ 118 ഹെലികോപ്റ്ററും സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനായി എത്തിയിരുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇവർക്ക് നാലംഗ സംഘത്തിന്റെ അടുത്ത് എത്താൻ കഴിഞ്ഞില്ല. തുടർന്ന് കാൽനടയായി പോയാണ് ദൗത്യസംഘം നാല് പേരെയും രക്ഷിച്ചത്. ഹെലികോപ്റ്റർ അൽപ്പം താഴെയായി സുരക്ഷിത സ്ഥാനത്ത് വിന്യസിച്ചു.

