ഡബ്ലിൻ: യൂറോപ്പിലെ കുടിയേറ്റത്തെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശത്തിൽ മറുപടിയുമായി അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ട്രംപിന്റെ പരാമർശങ്ങളിൽ അത്ഭുതം ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. കുടിയേറ്റവുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ പരാമർശത്തോട് ഒരിക്കലും യോജിക്കാൻ കഴിയില്ലെന്നും മാർട്ടിൻ കൂട്ടിച്ചേർത്തു.
യൂറോപ്പിൽ സഞ്ചാര സ്വാതന്ത്ര്യം ഉണ്ട്. സംസാര സ്വാതന്ത്ര്യവും ജീവിത നിലവാരവും ഉണ്ട്. യൂറോപ്പിനോ അയർലൻഡിനോ തുറന്ന അതിർത്തികൾ ഇല്ല. അതിർത്തികളിൽ നിയന്ത്രണമുണ്ട്. കാലാവസ്ഥാ വ്യതിയാനത്തോടുള്ള ട്രംപിന്റെ സമീപനത്തോടും യോജിക്കാൻ കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കുടിയേറ്റം മൂലം യൂറോപ്പ് നരകത്തിലേക്ക് പോകും എന്നായിരുന്നു ട്രംപിന്റെ പരാമർശം. ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

