വാട്ടർഫോർഡ്: വാട്ടർഫോർഡിൽ മലയാളി യുവതിയെ കാണാതായ സംഭവത്തിൽ ദുരൂഹത. 20 കാരിയായ സാന്റാ മേരി തമ്പിയെ ആണ് കാണാതായത്. പെൺകുട്ടിയ്ക്കായുള്ള തിരച്ചിലിനിടെ സുഹൃത്തിന്റെ മൊബൈലിലേക്ക് വന്ന സന്ദേശം ആണ് സംഭവത്തിൽ ദുരൂഹത ഉയർത്തുന്നത്.
ഇന്നലെ രാവിലെ മുതലായിരുന്നു യുവതിയെ കാണാതായത്. പിന്നാലെ പോലീസും മലയാളി അസോസിയേഷനും വിവിധ കമ്യൂണിറ്റികളും തിരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് സാന്റയുടെ സുഹൃത്തിന്റെ ഫോണിലേക്ക് ട്രിമോറിൽ പാറക്കൂട്ടത്തിന്റെ അടിയിലായി പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായുള്ള സന്ദേശം ലഭിച്ചത്. ഇതോടെ എല്ലാവരും അവിടേയ്ക്ക് പോയി തിരച്ചിൽ നടത്തി. എന്നാൽ മൃതദേഹം കണ്ടെത്തിയില്ല.
ഇതിന് ശേഷമാണ് വീടിന് സമീപത്ത് നിന്നും പരിക്കേറ്റ നിലയിൽ സാന്റയെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഹെലികോപ്റ്റർ ഉൾപ്പെടെ ഉപയോഗിച്ച് വീടിന്റെ പരിസരം പരിശോധിച്ചിരുന്നു. എന്നാൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സാന്റയെ ആരോ തട്ടിക്കൊണ്ട് പോയതാണെന്ന സംശയമാണ് ഉയരുന്നത്.

