മുംബൈ : ഹിന്ദി ചലച്ചിത്രമേഖലയിലെ വർഗീയ പക്ഷപാതത്തെക്കുറിച്ചുള്ള സംഗീതജ്ഞൻ എ.ആർ. റഹ്മാന്റെ സമീപകാല പ്രസ്താവനയെ തള്ളിക്കളഞ്ഞ് പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ സലിം മർച്ചന്റ് . ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ രാമായണവുമായി ബന്ധമുള്ള റഹ്മാന്റെ ഈ പ്രസ്താവന അടിസ്ഥാനമില്ലാത്തതാണെന്നും സലിം മർച്ചന്റ് പറയുന്നു. വർഗീയ പക്ഷപാതം യഥാർത്ഥത്തിൽ നിലനിന്നിരുന്നെങ്കിൽ റഹ്മാൻ ഇത്രയും വലിയ ഒരു ചിത്രത്തിന്റെ സംഗീത സംവിധാനത്തിൽ ഏർപ്പെടുമായിരുന്നില്ല എന്നും സലിം മർച്ചന്റ് പറയുന്നു.
“അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് ഞാൻ കരുതുന്നില്ല. റഹ്മാൻ പറഞ്ഞതിനോട് എല്ലാ ആദരവും പുലർത്തിക്കൊണ്ട്, അദ്ദേഹം സ്വന്തം രീതിയിൽ പറഞ്ഞതാകാം , സ്വന്തം അനുഭവത്തിൽ നിന്ന് സംസാരിക്കുന്നുവെന്നാകാം , പക്ഷേ അങ്ങനെയാണെന്ന് ഞാൻ കരുതുന്നില്ല. രാമായണം പോലുള്ള ഒരു ഹിന്ദു ഇതിഹാസത്തെ അടിസ്ഥാനമാക്കി ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സിനിമകളിൽ ഒന്ന് ചെയ്യുന്ന സംഗീതസംവിധായകൻ റഹ്മാനാണെങ്കിൽ, ഇവിടെ ഒരു വർഗീയ പ്രശ്നവുമില്ലെന്ന് ഞാൻ കരുതുന്നു. പക്ഷേ അത് എന്റെ കാഴ്ചപ്പാടും അഭിപ്രായവുമാണ്. അദ്ദേഹത്തിന് സ്വന്തം കാരണങ്ങളുണ്ടാകാം, ”സലിം മർച്ചന്റ് പറഞ്ഞു.

