ഡബ്ലിൻ: അയർലൻഡിൽ അഭയം തേടുന്ന അമേരിക്കൻ പൗരന്മാരുടെ എണ്ണം വർധിക്കുന്നു. ട്രംപ് അധികാരമേറ്റതിന് പിന്നാലെ വലിയ വർധനവാണ് അപേക്ഷകരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. ഈ വർഷം ഇതുവരെ 76 അമേരിക്കൻ പൗരന്മാരാണ് അയർലൻഡിൽ അന്താരാഷ്ട്ര സംരക്ഷണം ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരിക്കുന്നത്.
കഴിഞ്ഞ വർഷം മുഴുവനായുളള കണക്കുകൾ പരിശോധിക്കുമ്പോൾ അപേക്ഷകരുടെ എണ്ണം 22 മാത്രമായിരുന്നു. എന്നാൽ ഈ വർഷം ഇരട്ടിയിലധികം വർധനവാണ് അപേക്ഷകരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. ഐറിഷ് പാസ്പോർട്ടിനായി അപേക്ഷിക്കുന്നവരുടെ എണ്ണത്തിലും വർധനവുണ്ട്. 2024 ന്റെ തുടക്കം മുതൽ ഇതുവരെ 31,825 പേരാണ് വിസയ്ക്കായി അപേക്ഷിച്ചിരിക്കുന്നത്. 2016 ന് ശേഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന എണ്ണമാണ് ഇത്. ഈ വർഷം എട്ട് മാസത്തിനിടെ 26,111 പേരാണ് വിസയ്ക്കായി അപേക്ഷിച്ചിരിക്കുന്നത്.

