ഡബ്ലിൻ: ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് നിശ്ചിത സമയത്ത് ഹാജരാകാതെ ലേണർ ഡ്രെെവർമാർ. സംഭവത്തിൽ ആശങ്കപ്രകടമാക്കി റോഡ് സേഫ്റ്റി അതോറിറ്റിയുടെ സേഫ്റ്റി ക്യാമ്പയ്ൻ ഗ്രൂപ്പ് ആയ പിഎആർസി റോഡ് സേഫ്റ്റി ഗ്രൂപ്പ് രംഗത്ത് എത്തി. അടുത്തകാലാത്തായി നിശ്ചിത സമയത്ത് ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകാത്ത ലേണർമാരുടെ എണ്ണം ( നോ ഷോസ്) വർദ്ധിച്ച പശ്ചാത്തലത്തിലാണ് ആശങ്ക പ്രകടമാക്കി ഗ്രൂപ്പ് രംഗത്ത് എത്തിയത്.
റോഡ് സുരക്ഷാ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ രണ്ട് മാസത്തിനിടെ ഡ്രൈവിംഗ് ടെസ്റ്റിനായി അപേക്ഷിച്ച ആയിരത്തിലധികം ലേണർ ഡ്രൈവർമാർ ടെസ്റ്റിൽ പങ്കെടുത്തിട്ടില്ല. ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കാതെ തന്നെ പെർമിറ്റുകൾ പുതുക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് ചൂഷണം ചെയ്യുകയാണ് ഇവർ ചെയ്യുന്നത് എന്നാണ് പിഎആർസി അവകാശപ്പെടുന്നത്. അതേസമയം സമീപ വർഷങ്ങളിൽ ഇത് ആദ്യമായിട്ടാണ് ഇത്രയും പേർ ടെസ്റ്റിന് ഹാജരാകാതെ നോ ഷോസ് ആയി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

