ഡബ്ലിൻ: ആരോഗ്യ ഇൻഷൂറൻസ് പോളിസി നിരക്ക് വർദ്ധിപ്പിച്ച് ലയ ഹെൽത്ത് ഇൻഷൂറൻസ്. ഒക്ടോബർ മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. പോളിസി വിലകളിൽ 4.5 ശതമാനത്തിന്റെ വർദ്ധനവാണ് ലയ ഇൻഷൂറൻസ് വരുത്തിയിരിക്കുന്നത്. ഇതിന് പുറമേ 10 ഓളം പോളിസികളും പിൻവലിക്കാനാണ് കമ്പനിയുടെ തീരുമാനം. നിലവിൽ ഏഴ് ലക്ഷത്തോളം ഉപഭോക്താക്കളാണ് കമ്പനിയ്ക്ക് ഉള്ളത്.
പുതിയ പോളിസികൾ ആരംഭിക്കുന്നവർക്കും, പോളിസി പുതുക്കുന്നവർക്കുമാണ് പുതിയ നിരക്ക് ബാധകം. നിലവിലെ പോളിസി ഉപഭോക്താക്കളെ വില വർദ്ധന ബാധിക്കില്ല. മാറ്റങ്ങൾ സംബന്ധിച്ച് ഉടനെ ഉപഭോക്താക്കളെ അറിയിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഈ വർഷം ഇത് രണ്ടാം തവണയാണ് കമ്പനി പോളിസി നിരക്ക് വർദ്ധിപ്പിക്കുന്നത്. ഏപ്രിലിൽ പോളിസി വില 6.6 ശതമാനം വർദ്ധിപ്പിച്ചിരുന്നു.

