പോർട്ട്-ഔ-പ്രിൻസ്: ഹെയ്തിയിലെ അനാഥാലയത്തിൽ നിന്നും തട്ടിക്കൊണ്ട് പോയ ഐറിഷ് വനിതയെയും മറ്റുള്ളവരെയും വിട്ടയച്ചു. കുടുംബമാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. കൗണ്ടി മയോയിൽ നിന്നുള്ള ജെന ഹെരാട്ടിയെയും കുഞ്ഞിനെയും അനാഥാലയത്തിലെ ജീവനക്കാരെയും ആയിരുന്നു അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയത്.
പ്രസ്താവനയിലൂടെയായിരുന്നു കുടുംബം ഇക്കാര്യം അറിയിച്ചത്. വാക്കുകൾക്ക് അപ്പുറമുള്ള സന്തോഷവും സമാധാനവും ഈ നിമിഷം തങ്ങൾ അനുഭവിക്കുന്നുവെന്ന് കുടുംബം പറഞ്ഞു. എല്ലാവരോടും നന്ദി. മോചനത്തിനായി എല്ലാവരും അക്ഷീണം പ്രയത്നിച്ചു. മോചനത്തിന് വേണ്ടി ഇടപെട്ട അയർലൻഡ് വിദേശകാര്യമന്ത്രി സൈമൺ ഹാരിസിനും ഐറിഷ് അംബാസിഡറിനും നന്ദി പറയുന്നതായും കുടുംബം വ്യക്തമാക്കി.
പോർട്ട്-ഔ-പ്രിൻസിൽ നിന്നും 10 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി കെൻസ്കോഫിൽ ആണ് ജെനയുടെ നേതൃത്വത്തിലുള്ള സെന്റ് ഹെലനെ ഓർഫനേജ് പ്രവർത്തിക്കുന്നത്. ഇവിടെ നിന്നും ഓഗസ്റ്റ് മൂന്നിന് ആയിരുന്നു ജെനയെയും സംഘത്തെയും തട്ടിക്കൊണ്ട് പോയത്.

