ഡബ്ലിൻ: ലെവൽ ക്രോസുകൾ ഉപയോഗിക്കുമ്പോൾ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഐറിഷ് റെയിൽ. ലെവൽ ക്രോസുകൾ ദുരുപയോഗം ചെയ്യുന്ന സംഭവങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് ഐറിഷ് റെയിലിന്റെ മുന്നറിയിപ്പ്. ഈ വർഷം ഇതുവരെ ലെവൽ ക്രോസ് ദുരുപയോഗം ചെയ്ത 30 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായി ഐറിഷ് റെയിൽ വ്യക്തമാക്കി. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേസമയം 28 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഈ വർഷം ലെവൽ ക്രോസിൽ 11 അപകടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. ഇതിൽ പലതിലും ലെവൽ ക്രോസിംഗ് തകർന്നിട്ടുണ്ട്. ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വാഹനങ്ങൾ ക്രോസിംഗ് ഗേറ്റുകളിലോ ബാരിക്കേഡുകളിലോ ഇടിച്ചാണ് ഭൂരിഭാഗം അപകടങ്ങളും ഉണ്ടായിരിക്കുന്നത്. ഡബ്ലിനിലെ സെർപെന്റൈൻ അവന്യൂവിലെ ലെവൽ ക്രോസിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നത്. ആറ് മാസത്തിനിടെ അഞ്ച് അപകടങ്ങൾ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

