ഡബ്ലിൻ: അയർലന്റ് സിറോ മലബാർ സഭയുടെ ഈ വർഷത്തെ നാഷണൽ നോക്ക് തീർത്ഥാടനം ഈ മാസം 10 ന്. ഇതിനോട് അനുബന്ധിച്ച ഒരുക്കങ്ങൾക്ക് അയർലന്റിലെ സിറോ മലബാർ സഭയുടെ 38 കുർബാന സെന്ററുകളിൽ തുടക്കമായി. അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ കാർമ്മികത്വത്തിലാകും തീർത്ഥാടന ചടങ്ങുകൾ നടക്കുക. അന്നേ ദിവസം രാജ്യാന്തര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രമായ നോക്കിലെ ബസലിക്കയിൽ അയർലന്റിലെ മുഴുവൻ വിശ്വാസികളും പങ്കുചേരും.
രാവിലെ 10 മണിയ്ക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് നോക്ക് ബസലിക്കയിൽ തുടക്കമാകും. ആരാധനയോടെയാണ് പരിപാടികൾക്ക് തുടക്കമാകുക. ഇതിന് ശേഷം കുർബാനയും പ്രദക്ഷിണവും നടക്കും. തീർത്ഥാടനത്തിൽവച്ച് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കും.

