ഡൗൺ: കൗണ്ടി ഡൗണിൽ 84 കാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് 84 വയസ്സുള്ള സീൻ സ്മാളിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി 10.30 ഓടെയാണ് സീനിന്റെ മൃതദേഹം ന്യൂകാസിലിലെ സ്ലീവെൻബ്രോക്ക് അവന്യൂവിൽ നിന്നും കണ്ടെടുത്തത്. ലൈംഗിക പീഡന കേസിലെ പ്രതിയായിരുന്നു ഇയാൾ. ജയിൽ ശിക്ഷ പൂർത്തിയാക്കി കഴിഞ്ഞ മാസം ആയിരുന്നു ഇയാൾ മോചിതനായത്. ഇതിന് പിന്നാലെയാണ് മരണം എന്നത് സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നു.
2016 മുതൽ 2018 വരെ 70 കാരിയെ പീഡിപ്പിച്ച കേസിലാണ് ഇയാൾ പ്രതിയായിട്ടുള്ളത്. 2022 ൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ കോടതി ഇയാൾക്ക് മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിക്കുകയായിരുന്നു.

