ഡബ്ലിൻ: ഡബ്ലിനിൽ വീണ്ടും ഇന്ത്യക്കാരന് നേരെ ആക്രമണം. ഡബ്ലിനിൽ താമസിക്കുന്ന സന്തോഷ് യാദവ് എന്ന യുവാവിന് നേരെയാണ് ആക്രമണം ഉണ്ടായത്. അദ്ദേഹം തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയ വഴി പങ്കുവച്ചത്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. അപ്പാർട്ട്മെന്റ് പരിസരത്തുവച്ച് ഐറിഷുകാരായ ഏതാനും കൗമാരക്കാർ ആക്രമിക്കുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. തലയിലും മുഖത്തും മറ്റ് ശരീര ഭാഗങ്ങളിലും പരിക്കേറ്റു. പിന്നാലെ പോലീസിന്റെ സഹായത്തോടെ ബ്ലാഞ്ചാർട്സ്ടൗണിലെ ആശുപത്രിയിൽ എത്തി ചികിത്സ തേടിയെന്നും യുവാവ് വ്യക്തമാക്കി.
ഡബ്ലിനിൽ ഇന്ത്യക്കാർക്ക് നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണ് ഇത്. കഴിഞ്ഞ ആഴ്ച താലയിൽ ഇന്ത്യക്കാരനായ യുവാവിനെ ഒരു സംഘം കൗമാരക്കാർ ക്രൂരമായി ആക്രമിച്ചിരുന്നു. ഇതിൽ പ്രതിഷേധം കെട്ടടങ്ങും മുൻപാണ് സമാന സംഭവം വീണ്ടും ഉണ്ടായിരിക്കുന്നത്.

