കെറി: ലിംഗ വിവേചനത്തിന് ഇരയായ ജീവനക്കാരിയ്ക്ക് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്. കൗണ്ടി കെറിയിലെ ട്രലീ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൗളിയേഴ്സ് കിൽഫ്ലിൻ ലിമിറ്റഡിനോടാണ് വർക്ക്പ്ലേസ് റിലേഷൻസ് കമ്മീഷൻ ഉത്തരവിട്ടത്. കമ്പനിയിലെ വനിതാ ഡ്രൈവറായ സൈനദ് അലൻ നൽകിയ പരാതിയിലാണ് നടപടി. അലന് കമ്പനി 30,000 രൂപ നൽകണമെന്നാണ് ഉത്തരവ്.
2023 ൽ ആയിരുന്നു സംഭവം. പരിഷ്കരണത്തിന്റെ പേരിൽ സ്ഥാപനത്തിലെ ഡ്രൈവർമാരുടെ ജോലി സമയം കമ്പനി പു;നക്രമീകരിച്ചിരുന്നു. ശേഷം അലന്റെ ജോലി സമയം പുരുഷ ജീവനക്കാരുടെ സമയത്തെക്കാൾ വെട്ടിക്കുറയ്ക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തെങ്കിലും എല്ലാവർക്കും ഒരേ സമയമാണ് നൽകിയിട്ടുള്ളത് എന്നും ജോലി സമയത്തിൽ മാറ്റം ഇല്ലെന്നും കമ്പനി ബോധിപ്പിച്ചു. പിന്നീട് സാമ്പത്തിക പ്രശ്നത്തിന്റെ പേരിൽ അലനെ പിരിച്ചുവിടുകയും ചെയ്തു. അതേസമയം പുരുഷന്മാരായ ഡ്രൈവർമാരെ കമ്പനി നിലനിർത്തി. ഇതോടെ അലൻ അധികൃതർക്ക് പരാതി നൽകുകയായിരുന്നു.
മതിയായ കാരണമില്ലാതെയാണ് തന്റെ ജോലി സമയം കുറയ്ക്കുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തത് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അലന്റെ പരാതി. ഇതിൽ കഴമ്പുണ്ടെന്ന് വ്യക്തമായതിനെ തുടർന്ന് കമ്പനിയ്ക്ക് മേൽ നടപടി സ്വീകരിക്കുകയായിരുന്നു.

