ക്രിസ്തുമസ് ദിനത്തിൽ മാലോകർക്ക് സമ്മാനങ്ങളുമായി എത്തുന്ന സാന്താക്ലോസിനെ എല്ലാവർക്കും അറിയാം. എന്നാൽ ക്രിസ്തുമസിന് മാത്രമല്ല ഈസ്റ്ററിനും ഇതുപോലെ സമ്മാനങ്ങളുമായി ഒരാൾ എത്താറുണ്ട്. അതാണ് ഈസ്റ്റർ ബണ്ണി. ജർമ്മനിയിലെ ഈസ്റ്ററുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു കഥാപാത്രമാണ് ഈസ്റ്റർ ബണ്ണി.
16ാം നൂറ്റാണ്ടിലെ ജർമ്മൻ ലൂഥറൻമാർക്കിടയിലാണ് ഈ വിശ്വാസം ആരംഭിച്ചത് എന്നാണ് പറയപ്പെടുന്നത്. ഓസ്റ്റർഹാസെ എന്നാണ് ഇവർ ഇതിനെ വിളിച്ചിരുന്നത്. അതേസമയം ബൈബിളുമായി ഈസ്റ്റർ ബണ്ണിയ്ക്ക് യാതൊരു ബന്ധവും ഇല്ല. ഈസ്റ്ററിന്റെ തലേദിവസത്തെ രാത്രിയാണ് സമ്മാനങ്ങളുമായി ഈസ്റ്റർ ബണ്ണി എത്താറുള്ളത്. ഈസ്റ്റർ ബണ്ണി ഈസ്റ്റർ റാബിറ്റെന്നും അറിയപ്പെടുന്നു.
കുട്ടികൾക്കാണ് ഈസ്റ്റർ ബണ്ണിയിൽ നിന്നും സമ്മാനങ്ങൾ ലഭിക്കുക. അതും എല്ലാ കുട്ടികൾക്കുമല്ല, മറിച്ച് നല്ല കുട്ടികൾക്ക് മാത്രം. അനുസരണയും നല്ല പെരുമാറ്റവും ഉള്ള കുട്ടികൾക്ക് മാത്രമാണ് ഈസ്റ്റർ ബണ്ണിയിൽ നിന്നും മിഠായിയും മധുര പലഹാരങ്ങളും ലഭിക്കുക. ചോക്ലേറ്റ്കൊണ്ട് തയ്യാറാക്കിയ ഈസ്റ്റർ മുട്ടകളും വസ്ത്രം ധരിച്ചെത്തുന്ന ഈസ്റ്റർ ബണ്ണികളുടെ കൈവശം ഉണ്ടാകുമെന്നാണ് വിശ്വാസം.

