ന്യൂഡൽഹി: അബുദാബിയിൽ ഇറാൻ മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ച് അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. അജ്ബാൻ മേഖലയിലായിരുന്നു സംഭവം. ഇറാൻ അയച്ച മിസൈലിനെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതിനെ തുടർന്ന് അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ പതിക്കുകയായിരുന്നു.
പരിക്കേറ്റവരിൽ 6 പേർ നേപ്പാൾ സ്വദേശികളാണ്. ഇതിൽ ഒരു നേപ്പാൾ സ്വദേശിയുടെ പരിക്ക് ഗുരുതരമാണെന്ന് അബുദാബി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ യു എ ഇയിലെ ക്രൈസ്തവ ദേവാലയങ്ങൾ ഈസ്റ്റർ ദിനത്തിലും അടച്ചിടണമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. അതിനിടെ, യുദ്ധത്തിൽ അമേരിക്കയെയും ഇസ്രയേലിനെയും സഹായിക്കുന്ന ടെക് സ്ഥാപനങ്ങളെ ആക്രമിക്കുമെന്ന ഇറാൻ സൈന്യത്തിന്റെ മുന്നറിയിപ്പും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

