തിരുവനന്തപുരം ; സംസ്ഥന സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി മുൻ ഡിജിപിയും വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ ആർ ശ്രീലേഖ . കേരളത്തിൽ ലവ് ജിഹാദ് നടന്ന സംഭവങ്ങൾ സർക്കാർ അവഗണിച്ചുവെന്നാണ് ശ്രീലേഖയുടെ വെളിപ്പെടുത്തൽ. ഒരു പോലീസ് ഉദ്യോഗസ്ഥ എന്ന നിലയിൽ തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നപ്പോൾ പോലും ഡിജിപി പോലും തന്റെ കൂടെ നിന്നില്ലെന്നും അവർ വ്യക്തമാക്കി.
അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യ സമാനമായ ഒരു സാഹചര്യം നേരിട്ടപ്പോൾ സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും അവർ ചോദിച്ചു. തിരുവനന്തപുരത്ത് നടന്ന ‘ബ്രഞ്ച് വിത്ത് ആർ ശ്രീലേഖ’ എന്ന പരിപാടിയിലായിരുന്നു ഈ വെളിപ്പെടുത്തൽ.
‘2021 മുതൽ 2026 വരെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ അഞ്ചിരട്ടിയായി വർദ്ധിച്ചു. കാരണം, അത്തരം കുറ്റകൃത്യങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു. സ്ത്രീകളെ ഉപദ്രവിക്കുന്നത് സാധാരണമാണെന്ന് കരുതുന്ന ഒരു വിഭാഗം സമൂഹത്തിലുണ്ട്. ലവ് ജിഹാദ് പോലുള്ള വിഷയങ്ങൾ ഉണ്ടാകുമ്പോൾ കണ്ണടയ്ക്കുന്ന ഒരു സർക്കാരാണ് ഇപ്പോൾ നമുക്കുള്ളത്. ദൈവവിശ്വാസമില്ലാത്ത മന്ത്രിമാരും സർക്കാരുമാണ് സംസ്ഥാനം ഭരിക്കുന്നത്
ഞാൻ വ്യക്തിപരമായി ഇവ പലതവണ അനുഭവിച്ചിട്ടുണ്ട്. ഒരു വനിതാ പോലീസ് ഓഫീസർ എന്ന നിലയിൽ പോലും എനിക്കെതിരെ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അത് നേരിടേണ്ടത് ഞാൻ മാത്രമാണ്. ഡിജിപി പോലും എനിക്കൊപ്പം നിൽക്കില്ല, കാരണം അവർക്ക് രാഷ്ട്രീയ അംഗീകാരത്തോടെ മാത്രമേ അത് ചെയ്യാൻ കഴിയൂ. അടുത്തിടെ, ഒരു മന്ത്രിയുടെ ഭാര്യക്ക് മോശം അനുഭവം നേരിടേണ്ടിവന്നു, സ്വന്തം വീട്ടിനുള്ളിൽ പൂട്ടിയിട്ടുപോലും. പോലീസ് പരാതി സെല്ലിൽ നേരിട്ട് വിളിച്ചിട്ടും സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചത്? ഇതാണ് കേരളത്തിൻ്റെ അവസ്ഥ,’ ശ്രീലേഖ പറഞ്ഞു.
കേരളത്തിലെ എല്ലാ സ്ത്രീകൾക്കും ഉന്നമനം ലഭിക്കണമെങ്കിൽ ഇപ്പോഴത്തെ സർക്കാർ മാറി വിശ്വാസികളുടെ സർക്കാർ വരണം . ഓപ്പറേഷൻ സിന്ദൂർ പോലെ വലിയ കാര്യം നടത്തി സ്ത്രീകളുടെ അഭിമാനം രക്ഷിച്ച പ്രധാനമന്ത്രിയാണ് നമുക്കുള്ളത് . പക്ഷെ കേരളത്തിൽ അത് അല്ല അവസ്ഥ . നരേന്ദ്ര മോദിയുടെ അതേ തത്വങ്ങളും ആശയങ്ങളുമുള്ള ഒരു മുഖ്യമന്ത്രി നമുക്ക് ഉണ്ടാവണം’’- ആര്.ശ്രീലേഖ പറഞ്ഞു.

