ഡബ്ലിൻ : അയര്‍ലണ്ടിലെ രണ്ട് നഴ്സിങ് ഹോമുകളില്‍ അന്തേവാസികളോട് മോശമായി പെരുമാറുകയും, ആവശ്യത്തിന് സൗകര്യങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്യുന്നതായി വ്യക്തമാക്കിയുള്ള RTE ഡോക്യുമെന്ററി കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു. ഇതെത്തുടര്‍ന്ന് ബന്ധുക്കള്‍ നല്കിയ പരാതികളില്‍ നഴ്സിങ് ഹോമുകള്‍ക്കെതിരെ അന്വേണവുമായി ഗാര്‍ഡ.
Portlaoise-ലെ The Residence, ഡബ്ലിനിലെ Beneavin Manor എന്നീ നഴ്സിങ് ഹോമുകളിലാണ് അന്തേവാസികളെ വൃത്തിയില്ലാത്ത സ്ഥലത്ത് കിടത്തുന്നതും, അവര്‍ സഹായത്തിനായി കരയുന്നതും, അന്തേവാസികളെ ശരിയായി പരിചരിക്കാതിരിക്കുകയും അടക്കമുള്ള മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ നടക്കുന്നത്. RTE-യിലെ മാധ്യമപ്രവര്‍ത്തകര്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങളാണ് ഡോക്യുമെന്ററിയിലൂടെ പുറത്തുവിട്ടത്.
അന്വേഷണം നടക്കുന്ന രണ്ട് നഴ്സിങ് ഹോമുകളും Emeis Ireland എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്. അന്തേവാസികളില്‍ ഒരാളുടെ കുടുംബം നല്കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി ഗാര്‍ഡ വക്താവ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസും നേരത്തെ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. നഴ്സിങ് ഹോമുകളില്‍ അന്തേവാസികളോട് കാട്ടുന്ന ക്രൂരതയ്ക്കെതിരെ അദ്ദേഹം ശക്തമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
അതേസമയം നഴ്സിങ് ഹോമുകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള നിയമം ആരോഗ്യമന്ത്രി Jennifer Carroll McNeill അടുത്ത മാസം അവതരിപ്പിക്കും

