ഡബ്ലിൻ: ഒബർസ്ടൗൺ ചിൽഡ്രൻ ഡിറ്റൻഷൻ കാമ്പസിലെ ജീവനക്കാർ ശക്തമായ സമര നടപടികളിലേക്ക്. അടുത്ത മാസം അഞ്ച് മുതൽ മൂന്ന് ദിവസത്തെ പണിമുടക്ക് നടക്കുമെന്നാണ് ജീവനക്കാരായ ഫോർസ അംഗങ്ങൾ പറയുന്നത്. കഴിഞ്ഞ മാസം സൂചനയെന്ന രീതിയിൽ ഫോർസയിലെ അംഗങ്ങൾ പണിമുടക്ക് നടത്തിയിരുന്നു.
ഓഗസ്റ്റിലെ പണിമുടക്കിന് പിന്നാലെ വർക്ക് പ്ലേസ് റിലേഷൻസ് കമ്മീഷനുമായി അംഗങ്ങൾ ചർച്ച നടത്തിയിരുന്നു. ഇതിൽ സമവായത്തിലെത്തിയതിനെ തുടർന്ന് സമര നടപടികൾ ഫോർസ അംഗങ്ങൾ താത്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ ചർച്ചയിലെ ധാരണകൾ പാലിക്കുന്നതിൽ ഒബർസ്ടൗൺ മാനേജ്മെന്റ് പരാജയപ്പെട്ടു. ഇതേ തുടർന്നാണ് വീണ്ടും സമരം പ്രഖ്യാപിച്ചത്. സമരത്തിന്റെ പശ്ചാത്തലത്തിൽ 72 മണിക്കൂറോളം നേരം സേവനങ്ങൾ തടസ്സപ്പെടും.

