ഡബ്ലിൻ : തോക്ക് കാട്ടി ഭീഷണിപ്പെടുത്തി യുവതിയിൽ നിന്നും വാഹനം തട്ടിയെടുത്ത സംഭവത്തിൽ 20 കാരൻ പിടിയിൽ. കോർക്ക് ഹോളിഹില്ലിലുള്ള ദി മെഡോസ് പ്രദേശത്തെ വീട്ടിൽ നിന്ന് വാഹനവും പൊലീസ് കണ്ടെടുത്തു. വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച നിലയിലായിരുന്നു വാഹനം.
ഒഫൻസസ് എഗെയ്ൻസ്റ്റ് ദി സ്റ്റേറ്റ് ആക്റ്റ്, 1939′-ലെ സെക്ഷൻ 30 പ്രകാരമാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. പരിശോധനയ്ക്കിടെ തോക്ക്, മയക്കുമരുന്ന് എന്നിവയും ഗാർഡ പിടിച്ചെടുത്തു. കോർക്ക് നഗരത്തിലെ ബിഷ്പ്സ് ടൗണിലുള്ള ദി ഫാം പ്രദേശത്ത് വച്ചായിരുന്നു യുവതിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വാഹനത്തിൽ നിന്നിറക്കിയത്. തുടർന്ന് യുവാവ് വാഹനവുമായി കടന്നു കളയുകയായിരുന്നു.

