ഡബ്ലിൻ : ഡബ്ലിനിൽ 1.75 ദശലക്ഷം യൂറോ വില മതിക്കുന്ന മയക്കുമരുന്നുകളും, തോക്കുകളും പിടിച്ചെടുത്ത സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഓപ്പറേഷൻ താരയുടെ ഭാഗമായി ഡബ്ലിൻ ക്രൈം റെസ്പോൺസ് ടീമിലെ ഗാർഡകളാണ് കഴിഞ്ഞ ദിവസം ഡബ്ലിൻ 8-ലെ ഇഞ്ചിക്ലോറിലുള്ള ബൾഫിൽ റോഡിൽ റെയ്ഡ് നടത്തിയത് . രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നിർത്തിയിട്ടിരുന്ന രണ്ട് വാനുകളിൽ നിന്ന് 110 കിലോ കഞ്ചാവാണ് ഗാർഡ പിടിച്ചെടുത്തത്.
വാനിന്റെ ഡ്രൈവർമാരാണ് പിടിയിലായത്. ഡബ്ലിൻ 8-ലെ ഒരു കെട്ടിടത്തിൽ നടത്തിയ തുടർപരിശോധനയിൽ സെമി ഓട്ടോമാറ്റിക് പിസ്റ്റളുകളും, വെടിയുണ്ടകളും, 5 കിലോ കൊക്കെയ്ൻ, 12.5 കിലോ കഞ്ചാവ് , 4,550 യൂറോ എന്നിവയും പിടിച്ചെടുത്തു.

