ഡബ്ലിൻ: അയർലൻഡിൽ ഫ്ളൂ പടർന്ന് പിടിയ്ക്കുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ഐറിഷ് മെഡിക്കൽ ഓർഗനൈസേഷൻ. രാജ്യത്ത് രോഗവ്യാപനത്തിന്റെ തീവ്രത വലുതാണെന്നും പൊതു ആശുപത്രി സംവിധാനങ്ങൾക്ക് നിലവിലെ സാഹചര്യം ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും ഐഎംഒ വ്യക്തമാക്കി. ഇതിനോടകം തന്നെ ആശുപത്രിയിൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്.
വളരെ നേരത്തെ തന്നെ പനി പടർന്ന് പിടിയ്ക്കാൻ ആരംഭിച്ചുവെന്നും ചികിത്സ തേടുന്നവരുടെ എണ്ണം വളരെ വലുതാണെന്നും ബ്യൂമോണ്ട് ഹോസ്പിറ്റലിലെ എമർജൻസി മെഡിസിൻ കൺസൾട്ടന്റും ഐഎംഒയുടെ കൺസൾട്ടന്റ് കമ്മിറ്റി അംഗവുമായ ഡോ. പീഡർ ഗില്ലിഗൻ പറഞ്ഞു. ജിപിമാരുടെ അടുത്തും എമർജൻസി ഡിപ്പാർട്ട്മെന്റുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്ക് ഫ്ളു കേസുകളിൽ ഇരട്ടി വർധനവ് ഉണ്ടായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

