ഡബ്ലിൻ: കനോലിയ്ക്കും ദി പോയിന്റിനുമിടയിലെ ലുവാസ് റെഡ് ലൈൻ സർവ്വീസ് പുനരാരംഭിക്കാൻ വൈകും. ഏതാനും ആഴ്ചകൾ കൂടി ഈ ലൈൻ അടച്ചിടേണ്ടിവരുമെന്നാണ് അധികൃതർ നൽകുന്ന വിവരം. ജോർജ്സ് ഡോക്ലാൻഡ്സ് പാലത്തിലെ തീപിടിത്തം ലൈനിൽ സാരമായ നാശനഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. ഇത് ഉടൻ പരിഹരിക്കാൻ കഴിയില്ലെന്നാണ് ലുവാസ് ഓപ്പറേറ്ററായ ട്രാൻസ്ഡേവ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു പാലത്തിൽ തീപിടിത്തം ഉണ്ടായത്.
നിലവിൽ പാലത്തിൽ ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലൻഡിൽ നിന്നുള്ള എൻജിനീയർമാരുടെ സംഘം വിശദമായ പരിശോധന നടത്തിവരികയാണ്. ഈ പരിശോധനകൾ പൂർത്തിയാക്കി പാലത്തിന്റെ സുരക്ഷ ഉറപ്പുവരുത്താതെ സർവ്വീസുകൾ പുനരാരംഭിക്കാൻ കഴിയില്ലെന്നാണ് വിദഗ്ധസംഘം അഭിപ്രായപ്പെടുന്നത്.
കനോലിയ്ക്കും ദി പോയിന്റിനും ഇടയിലുള്ള സർവ്വീസ് പുനരാരംഭിക്കുന്നത് വരെ ലുവാസ് റെഡ് ലൈൻ സർവ്വീസ് താലയ്ക്കും കനോലിയ്ക്കും ഇടയിൽ മാത്രമായി ചുരുങ്ങും. ലുവാവ് ടിക്കറ്റുകൾ ഡബ്ലിൻ ബസ് സർവ്വീസുകളിൽ പ്രയോജനപ്പെടുത്താം.

