ഡബ്ലിൻ: ഡബ്ലിനിൽ കാണാതായ കൗമാരക്കാരന്റെ ക്ഷേമത്തിൽ ആശങ്കയിൽ കുടുംബം. കുട്ടിയെ കാണാതായി രണ്ടാഴ്ച പിന്നിടുകയാണ്. കുട്ടിയുടെ ആരോഗ്യം സംബന്ധിച്ചുൾപ്പെടെ വലിയ ആശങ്കയാണ് കുടുംബത്തിനുളളത്. അതേസമയം കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം.
16 വയസുള്ള ബെൻ മക്ഇയോഗനെ ആണ് കാണാതായത്. സൗത്ത് ഡബ്ലിനിലെ വീട്ടിൽ നിന്നും കുട്ടിയെ കാണാതെ ആകുകയായിരുന്നു. ഒക്ടോബർ 29 വ്യാഴാഴ്ച ഡാൽക്കിയിലെ വീട്ടിൽ നിന്നാണ് കുട്ടിയെ കാണാതായത് എന്നാണ് കുടുംബത്തിന്റെ പരാതിയിൽ പറയുന്നത്. ഇതേ ദിവസം കുട്ടിയെ ബ്രേയിൽ കണ്ടിരുന്നു. അഞ്ചടി ഏഴ ഇഞ്ചാണ് കുട്ടിയുടെ ഉയരം, മെലിഞ്ഞ ശരീരവും തവിട്ട് നിറത്തിലുള്ള മുടിയും കുട്ടിയ്ക്കുണ്ട്. നീലയാണ് കുട്ടിയുടെ കണ്ണിന്റെ നിറം. കാണാതാകുമ്പോൾ കറുത്ത ട്രാക്ക് സ്യൂട്ടും കറുത്ത കാനഡ ഗൂസ് ജാക്കറ്റും ധരിച്ചിരുന്നു.

