ശ്രീനഗർ : ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ നിന്ന് കാണാതായ രണ്ട് സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ബാബി ചന്ദ് (57), രഷ്പാൽ കുമാർ (45) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിദൂരഗ്രാമമായ ദച്ചാൻ പ്രദേശത്ത് നിന്നാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്.
ഇരുവരും ലോക്കൽ പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലായിരുന്നു. ദച്ചാനിലെ കിയാർ ഗ്രാമത്തിലാണ് ഇരുവരെയും നിയമിച്ചിരുന്നത് . ബുധനാഴ്ച ധർണ-മർവയിലെ സൈനിക ക്യാമ്പിൽ നിന്ന് സൈനിക പോസ്റ്റിലേയ്ക്ക് പോകുന്നതിനിടെയാണ് ഇരുവരെയും കാണാതായത്.
അതേസമയം ഇവരുടെ പക്കൽ ഉണ്ടായിരുന്ന സർവീസ് റൈഫിളുകൾ നഷ്ടപ്പെട്ട നിലയിലാണ് . അതുകൊണ്ട് തന്നെ സംഭവത്തിൽ ഭീകരർക്ക് പങ്കുള്ളതായാണ് സംശയം. സംഭവത്തെ കുറിച്ച് സുരക്ഷാസേന അന്വേഷണം ആരംഭിച്ചു.സൈനികരെ കാണാതായ പ്രദേശത്ത് മുൻപും ഭീകരസാന്നിധ്യമുണ്ടായിട്ടുണ്ട്.
ശ്രീനഗറിനോട് ചേർന്നുള്ള ഗന്ദർബലിൽ കഴിഞ്ഞ ദിവസം രാത്രി ഭീകരരെ കണ്ടുവെന്ന റിപ്പോർട്ടിനെ തുടർന്ന് സുരക്ഷാസേന തെരച്ചിൽ നടത്തിയിരുന്നു.ഭീകരരുടെ ഒളിത്താവളങ്ങളെന്ന് സംശയിക്കുന്ന സ്ഥലങ്ങളിലും സംഘം തെരച്ചിൽ നടത്തി.

