ഡബ്ലിൻ: അയർലൻഡിൽ ഡ്രൈവിംഗ് ടെസ്റ്റ് പാസാകാൻ ഉദ്യോഗാർത്ഥികൾ ഇനി ‘ശരിക്ക് വിയർക്കും’. ഡ്രൈവിംഗ് ടെസ്റ്റുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ കർക്കശമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് അയർലൻഡ് സർക്കാർ. സർക്കാരിന്റെ പുതിയ നിർദ്ദേശ പ്രകാരം ഇനി മുതൽ രണ്ട് തവണ തോറ്റ ലേണർ ഡ്രൈവർമാർ ഡ്രൈവിംഗ് സംബന്ധിച്ച അധിക പാഠങ്ങൾ പഠിച്ചിരിക്കണം.
റോഡ് സുരക്ഷാ മന്ത്രി സീൻ കാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്ത മാസം മുതൽ ഡ്രൈവിംഗ് ടെസ്റ്റുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം കൊണ്ടുവരാൻ പദ്ധതിയിട്ടിട്ടുണ്ട്. ഇത് പ്രകാരം ലേണർ ഡ്രൈവർമാർ അവരുടെ മൂന്നാമത്തെ ലേണർ പെർമിറ്റിന് ശേഷം ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കേണ്ടതുണ്ട്. ഇതിൽ തോറ്റാൽ വീണ്ടും ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കാൻ അനുവദിക്കും. എന്നാൽ രണ്ടാമതും പരാജയപ്പെട്ടാൽ, വീണ്ടും കൂടുതൽ പാഠങ്ങൾ പഠിച്ച ശേഷം മാത്രമേ ടെസ്റ്റിന് അനുവദിക്കൂ.

