മയോ: മയോ തീരത്ത് തിമിംഗലത്തെയും തിമിംഗല കുട്ടിയെയും ചത്തനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അക്കോസ്റ്റിക് ട്രോമയാണ് തിമിംഗലവും കുട്ടി തിമിംഗലവും ചാകാൻ കാരണം എന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. കഴിഞ്ഞ മാസം 27 നായിരുന്നു സംഭവം.
വളരെ ഉറക്കെയുള്ള ശബ്ദത്തെ തുടർന്ന് ചെവിയുടെ ശ്രവണ സംവിധാനത്തിന് ഉണ്ടാകുന്ന പരിക്കാണ് അക്കോസ്റ്റിക് ട്രോമ. മനുഷ്യനിർമ്മിത ശബ്ദങ്ങൾ, പ്രത്യേകിച്ച് സോണാർ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളാണ് ഇത്തരത്തിൽ തിമിംഗലങ്ങളിൽ പരിക്കേൽപ്പിക്കാറുള്ളത്. സോണാറാണ് തിമിംഗലങ്ങൾ ചാകാനും കാരണം എന്നാണ് ഐറിഷ് വെയിൽ ആന്റ് ഡോൾഫിൻ ഗ്രൂപ്പ് സിഇഒ ഡോ. സൈമൺ ബെറോ പറയുന്നത്.
തിമിംഗലങ്ങൾ ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്ന അതേ ആവൃത്തിയാണ് സോണാർ ഉപയോഗിക്കുമ്പോഴും ഉണ്ടാകുന്നത്. അതേസമയം ഈ ആവൃത്തിയോട് തിമിംഗലങ്ങൾ വളരെ സെൻസിറ്റീവ് ആണെന്നും അദ്ദേഹം പറയുന്നു.

