ഡബ്ലിൻ: നാസ് ജനറൽ ആശുപത്രിയിൽ രോഗികളുടെ തിരക്ക് വർധിച്ചതിന് പിന്നാലെ വിമർശനവുമായി ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ. ആശുപത്രികളിൽ അനുഭവപ്പെടുന്ന തിരക്കിൽ നിന്നും ഇതുവരെ അയർലൻഡിലെ ആരോഗ്യസംവിധാനങ്ങൾ പാഠങ്ങൾ പഠിച്ചിട്ടില്ലെന്ന് ഐഎൻഎംഒ വ്യക്തമാക്കി. ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കുന്നതിൽ എച്ച്എസ്ഇയുടെ പരാജയത്തെ ഐഎൻഎംഒ വീണ്ടും വിമർശിച്ചു.
ഫ്ളൂ പടർന്ന് പിടിയ്ക്കാൻ ആരംഭിച്ചതിന് പിന്നാലെയാണ് നാസ് ജനറൽ ആശുപത്രിയിൽ രോഗികളുടെ എണ്ണവും വർധിച്ചത്. കഴിഞ്ഞ ദിവസം 23 ഓളം രോഗികൾക്ക് കിടക്കകൾ ലഭിച്ചില്ല. ഇതേ തുടർന്ന് ഇവർക്ക് ട്രോളികളിൽ ചികിത്സ നൽകുകയായിരുന്നു. രാജ്യത്ത് തന്നെ വിവിധ ആശുപത്രികളിലായി 616 പേർ കിടക്കകളുടെ അഭാവത്തെ തുടർന്ന് ട്രോളികളിൽ ചികിത്സ തേടുന്നുണ്ട്. രണ്ട് പതിറ്റാണ്ടായി ഈ സീസണിൽ ആശുപത്രികളിൽ തിരക്ക് ഉണ്ടായിട്ടും രാജ്യത്തെ ആരോഗ്യ സംവിധാനം ഒരു പാഠവും പഠിച്ചിട്ടില്ലെന്നും ഐഎൻഎംഒ കുറ്റപ്പെടുത്തി.

