ലെറ്റർകെന്നി: കൗണ്ടി ഡൊണഗലിലെ ലെറ്റർകെന്നിയിൽ അക്രമങ്ങൾ തുടർക്കഥയാകുന്നു. അടുത്തിടെയുണ്ടായ ആക്രമണങ്ങളിൽ രണ്ട് പേർക്ക് പരിക്കേറ്റു. അക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.
ഇക്കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു ഏറ്റവും ഒടുവിലായി മേഖലയിൽ അക്രമം റിപ്പോർട്ട് ചെയ്തത്. റമെൽറ്റൻ റോഡിൽ ആയിരുന്നു സംഭവം. അതുവഴി പോകുകയായിരുന്ന യുവാവിനെ കാറിൽ എത്തിയ മൂന്നംഗ സംഘം ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. ഇതിന് ശേഷം ഇവർ രക്ഷപ്പെട്ടു.
ഇതിന് മുൻപ് ബുധനാഴ്ചയും സാധാരണക്കാരന് നേരെ ആക്രമണം ഉണ്ടായി. ലോവർ മെയിൻ സ്ട്രീറ്റിൽ പുലർച്ചെയുണ്ടായ സംഭവത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റിരുന്നു.
റമെൽറ്റൻ റോഡിൽ ഉണ്ടായ സംഭവത്തിലെ പ്രതികളെ പിടികൂടാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രതികളെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് പോലീസ്.

