ലിമെറിക്ക്: വാടക തട്ടിപ്പ് സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി ക്രൈം പ്രിവൻഷൻ ഓഫീസർ മിഷേൽ ഒ ഹാലോറൻ. പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെയാണ് വാടക തട്ടിപ്പിൽ കുടുങ്ങരുതെന്ന് വ്യക്തമാക്കി അദ്ദേഹം രംഗത്ത് എത്തിയിരിക്കുന്നത്. ലിമെറിക്ക് നഗരത്തിൽ ഇത്തരം തട്ടിപ്പ് വ്യാപകമാണെന്നും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നാം ലെവലിലുള്ള വിദ്യാർത്ഥികളെയാണ് തട്ടിപ്പ് സംഘം ഏറ്റവും കൂടുതലായി തട്ടിപ്പിന് ഇരയാക്കുക എന്ന് മിഷേൽ വ്യക്തമാക്കി. മൂന്ന് തരത്തിലാണ് ഇക്കൂട്ടരുടെ തട്ടിപ്പ്. ആദ്യത്തെ തട്ടിപ്പിൽ ഉടമയെന്ന പേരിൽ വിളിക്കുന്നയാൾ താൻ വിദേശത്ത് ആണെന്ന് പറയും. പ്രോപ്പർട്ടി നൽകാമെന്നും മുൻകൂർ ഡെപ്പോസിറ്റ് ൽകിയാൽ പ്രോപ്പർട്ടി വന്ന് കാണാമെന്നും നിർദ്ദേശിക്കും. എന്നാൽ ഡെപ്പോസിറ്റ് നൽകിയ ശേഷം ബന്ധപ്പെട്ടാൽ പിന്നെ ഫോൺ എടുക്കില്ല.
രണ്ടാമത്തെ തട്ടിപ്പ് ഇങ്ങനെയാണ്. തട്ടിപ്പുകാരൻ വീട് കാണിക്കുകയും പലരിൽ നിന്നായി ഡെപ്പോസിറ്റ് വാങ്ങുകയും ചെയ്യും. പിന്നീട് ഇവിടെ നിന്നും ഈ പണവുമായി മുങ്ങും. മൂന്നാമത്തെ തട്ടിപ്പ് സർവ്വസാധാരണയാണ്. ഡെപ്പോസിറ്റ് വാങ്ങിയ ശേഷം വീടിന്റെ താക്കോൽ കാണുന്നില്ല, വീട്ടുടമയുമായി ബന്ധപ്പെടാൻ കഴിയുന്നില്ല തുടങ്ങിയ ന്യായീകരണം പറഞ്ഞ് പണവുമായി കടന്നുകളയും. അതിനാൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

