ഡബ്ലിൻ: ഷാനൻവിമാനത്താവളത്തിൽവച്ച് അമേരിക്കൻ വിമാനത്തിന് കേടുപാടുകൾ ഉണ്ടാക്കിയ യുവതിയ്ക്ക് ജാമ്യം നൽകാൻ വിസമ്മതിച്ച് കോടതി. ഗാൽവെ സ്വദേശിനിയായ നെൽ ബക്ലിയ്ക്കാണ് കോടതി ജാമ്യം നൽകാതിരുന്നത്. ഷാനൻ എയർപോർട്ടിൽ അതിക്രമിച്ച് കടന്ന മൂന്നംഗ സംഘത്തിലെ ഒരാളാണ് ബക്ലി.
ഒംമ്നി എയർ ഇന്റർനാഷണൽ വിമാനത്തിനാണ് യുവതി നാശനഷ്ടം ഉണ്ടാക്കിയത്. വിമാനത്താവളത്തിന്റെ സുരക്ഷാ വേലി തകർത്ത് എയർസൈഡ് ഏരിയയിലേക്ക് കടന്ന ഇവർ വിമാനത്തിന്റെ മുൻഭാഗത്ത് ചുവന്ന പെയിന്റ് അടിയ്ക്കുകയായിരുന്നു.
സംഭവത്തിൽ ഗുരുതര വകുപ്പുകൾ ആണ് യുവതിയ്ക്ക് മേൽ ചുമത്തിയിരിക്കുന്നത്. ഇവരുടെ പാസ്പോർട്ടും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മെയ് 17 നായിരുന്നു യുവതി ഉൾപ്പെട്ട മൂന്നംഗ സംഘം ഷാനൻ വിമാനത്താവളത്തിൽ അതിക്രമിച്ച് കടന്നത്.

