ഡബ്ലിൻ: ഡബ്ലിന് പിന്നാലെ ലിക്വിഡ് നിയമങ്ങളിൽ ഇളവ് വരുത്തുമെന്ന് പ്രഖ്യാപിച്ച് കോർക്ക് വിമാനത്താവളം. പുതിയ സ്കാനിംഗ് സംവിധാനങ്ങളുടെ സജ്ജീകരണം പൂർത്തിയായാൽ ഉടൻ നിയമങ്ങളിൽ മാറ്റംവരുത്തുമെന്നാണ് വിമാനത്താവളം വ്യക്തമാക്കുന്നത്. അതേസമയം സമാന നടപടി സ്വീകരിക്കാൻ ഷാനൻ വിമാനത്താവളവും ഒരുങ്ങുന്നുണ്ട്.
അടുത്ത വർഷം ക്രിസ്തുമസിന് മുൻപായി കോർക്ക് വിമാനത്താവളത്തിലെ സ്കാനിംഗ് യന്ത്രങ്ങളുടെ സജ്ജീകരണം പൂർത്തിയാകും. ഇതിന് ശേഷം നിയന്ത്രണങ്ങളിൽ മാറ്റം വരുത്തും. സി3 സുരക്ഷാ സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന ഒരു പുതിയ മെസാനൈൻ ഫ്ളോർ ആയിരിക്കും പുതിയ സുരക്ഷാ പരിശോധനാ മേഖലയിൽ സജ്ജമാക്കുക. ബാഗിലെ വസ്തുക്കൾ പുറത്തെടുക്കാതെ തന്നെ വിശദമായി പരിശോധിക്കാൻ സാധിക്കുന്ന തരത്തിലാണ് പുതിയ സ്കാനറുകൾ.
അത്യാധുനിക സാങ്കേതിക വിദ്യയാണ് തങ്ങൾ പ്രയോജനപ്പെടുത്തുന്നത് എന്നും യാത്രികർക്ക് സാധനങ്ങൾ പുറത്തെടുക്കാതെ ഹാൻഡ് ലഗേജ് പരിശോധിക്കുന്നതിനുള്ള സൗകര്യം ഉണ്ടെന്നും ഷാനൻ വിമാനത്താവളം വ്യക്തമാക്കുന്നു. എന്നാൽ നിലവിലെ നിയമങ്ങളിൽ മാറ്റം വരുത്തണമെങ്കിൽ റെഗുലേറ്ററിയുടെ അനുവാദം ആവശ്യമാണ്. ഇതിനായുള്ള അപേക്ഷ നൽകി അനുവാദത്തിനായി കാത്തിരിക്കുകയാണെന്നും, പുതിയ പരിഷ്കരണം ഉടനെ നടപ്പിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ഷാനൻ വിമാനത്താവളം പ്രതികരിച്ചു.

