ഡബ്ലിൻ: അയർലന്റിൽ വാഹന പരിശോധനയ്ക്കിടെ ഇരുചക്രവാഹനം ഇടിച്ച് കൊല്ലപ്പെട്ട ഗാർഡ കെവിൻ ഫ്ളാറ്റ്ലിയെ ഓർത്തെടുത്ത് സഹപ്രവർത്തകർ. വളരെ നല്ല മനുഷ്യനായിരുന്നു കെവിനെന്ന് സഹപ്രവർത്തകനായ സെർജന്റ് സ്റ്റീഫൻ ലവിൻ പറഞ്ഞു. ജോലിയോടും കുടുംബത്തോടും അദ്ദേഹം ആത്മാർത്ഥത പുലർത്തിയിരുന്നുവെന്നും ലവിൻ കൂട്ടിച്ചേർത്തു.
വാരാന്ത്യങ്ങളിൽ തന്റെ രണ്ട് മക്കൾക്കൊപ്പമാണ് കെവിൻ തന്റെ സമയം ചിലവഴിക്കാറ്. അവരുമൊത്ത് ഫുട്ബോൾ മത്സരങ്ങൾ കാണാൻ രാജ്യംചുറ്റും. രാത്രി കാലങ്ങളിൽ അവർക്കൊപ്പം സിനിമ കാണും- സ്റ്റീഫൻ ലവിൻ പറഞ്ഞു.
ജോലിയിൽ വലിയ ആത്മാർത്ഥത പുലർത്തിയിരുന്ന വ്യക്തിയായിരുന്നു കെവിൻ എന്ന് സെർജന്റ് ഇയോൻ ബോയിലും കൂട്ടിച്ചേർത്തു. പേപ്പർ വർക്കുകൾ എല്ലാം കൃത്യസമയത്ത് അദ്ദേഹം പൂർത്തിയാക്കും. വീണ്ടും വീണ്ടും പരിശോധിച്ച് കൃത്യത ഉറപ്പാക്കും. ജോലി പൂർണമായെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ അദ്ദേഹം മടങ്ങൂവെന്നും ഇയോൻ ബോയിൽ പറഞ്ഞു.

