ബെൽഫാസ്റ്റ്: കെയ്സ്മെന്റ് പാർക്കിന്റെ പുനർവികസനത്തിനായുള്ള ഫണ്ടിലെ കുറവ് നികത്താൻ സ്റ്റോർമോണ്ടിന് കഴിയില്ലെന്ന് വ്യക്തമാക്കി ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റർ എമ്മ ലിറ്റി പെഞ്ചലി. ഫണ്ടിംഗിലെ കുറവ് നികത്താനുള്ള 100 മില്യൺ പൗണ്ട് സ്റ്റോർമോണ്ട് എക്സിക്യൂട്ടീവിന്റെ പക്കലില്ല. വെസ്റ്റ് ബെൽഫാസ്റ്റ് സ്റ്റേഡിയത്തിന്റെ പുനർനിർമ്മാണത്തിനായി ജിഎഎ നിലവിൽ അധിക ധനസഹായം നൽകാൻ തയ്യാറല്ലെന്നും എമ്മ ലിറ്റിൽ കൂട്ടിച്ചേർത്തു. എംഎൽഎമാരോട് ആയിരുന്നു എമ്മ ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
34,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയത്തിന്റെ നിർമ്മാണം ആണ് ഫണ്ടിംഗിലെ കുറവിനെ തുടർന്ന് തടസ്സപ്പെട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ വേനലിൽ സ്റ്റേഡിയത്തിന്റെ പുനർവികസനത്തിനായി യുകെ സർക്കാർ 50 മില്യൺ പൗണ്ട് അനുവദിച്ചിരുന്നു. ഇതിന് പുറമേ സ്റ്റോർമോണ്ട് എക്സിക്യൂട്ടീവ്, ഐറിഷ് സർക്കാർ, ജിഎഎ എന്നിവർ നേരത്തെ വാഗ്ദാനം ചെയ്ത 120 മില്യൺ പൗണ്ട് കൂടി ഇതിനോടൊപ്പം ചേർത്തിരുന്നു. എന്നാൽ നിർമ്മാണ ചിലവ് പ്രതീക്ഷിച്ചതിലും കൂടുതലായതാണ് പ്രതിസന്ധിയ്ക്ക് കാരണം ആയത്.

