ഡബ്ലിൻ: വോളണ്ടറി ഗാംബ്ലിംഗ് ട്രാൻസാക്ഷൻ ബ്ലോക്ക് ഫീച്ചർ ആരംഭിച്ച് ബാങ്ക് ഓഫ് അയർലന്റ്. ഇനി മുതൽ ചൂതാട്ട ഓപ്പറേറ്റർമാരുമായുള്ള ഇടപാടുകൾ സ്വമേധയാ തടയാൻ അക്കൗണ്ട് ഉടമകൾക്ക് സാധിക്കും. കഴിഞ്ഞ വർഷം ബാങ്ക് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഫീച്ചർ ആരംഭിച്ചിരിക്കുന്നത്.
രാജ്യത്ത് 90 ശതമാനം ചൂതാട്ട ഇടപാടുകളും നടക്കുന്നത് ഓൺലൈനായിട്ടാണെന്നായിരുന്നു ബാങ്കിന്റെ കണ്ടെത്തൽ. ഇതിന് പുറമേ 99 ശതമാനം പന്തയങ്ങളും ഡെബിറ്റ് കാർഡുകൾ വഴിയാണ് നടക്കുന്നത് എന്നും കണ്ടെത്തിയിരുന്നു. ഇത് പ്രതിരോധിക്കുകയാണ് പുതിയ ഫീച്ചറിന്റെ ലക്ഷ്യം. വ്യക്തിഗത, ബിസിനസ് അക്കൗണ്ടുകളിൽ നിന്നും ചൂതാട്ട ഓപ്പറേറ്റർമാരെ പൂർണമായി ഇതുവഴി അകറ്റി നിർത്താം. ഡെബിറ്റ് കാർഡ് ഇടപാടുകൾ പൂർണമായി തടയാനും ഇതിലൂടെ സാധിക്കും.
അതേസമയം ചൂതാട്ടം നിയന്ത്രിക്കാൻ കൂടുതൽ നടപടികൾ കൊണ്ടുവരാനാണ് നീക്കങ്ങൾ. ക്രെഡിറ്റ്കാർഡ് ഉപയോഗത്തിനും പകൽ സമയ പരസ്യങ്ങൾക്കും നിരോധനം കൊണ്ടുവരും. ഇതിന് പുറമേ ഓപ്പറേറ്റർമാർക്ക് ലൈസൻസിംഗ് അതോറിറ്റി സ്ഥാപിക്കും.

