ഡബ്ലിൻ: മദ്യത്തിന്റെ ഉപയോഗം അയർലൻഡിലെ തൊഴിലിടങ്ങളെ സാരമായി ബാധിക്കുന്നതായി കണ്ടെത്തൽ. മദ്യത്തിന്റെ ഉപയോഗം ജോലിസ്ഥലങ്ങളിലെ ഉത്പാദനക്ഷമത കുറയ്ക്കുന്നുവെന്നാണ് ആൽക്കഹോൾ ആക്ഷൻ അയർലൻഡ് വ്യക്തമാക്കുന്നത്. ഇതുവഴി 8.5 ബില്യൺ യൂറോയുടെ നഷ്ടം പ്രതിവർഷം ഉണ്ടാകുന്നുവെന്നും എഎഐ ചൂണ്ടിക്കാട്ടുന്നു. നഷ്ടം കുറയ്ക്കാൻ സർക്കാർ ഇടപെട്ട് ചില നയങ്ങൾ ആവിഷ്കരിക്കണമെന്നും എഎഐ ആവശ്യപ്പെടുന്നു.
പൊതുജനാരോഗ്യം, ആരോഗ്യസേവനം, കുറ്റകൃത്യം, വാഹനാപകടം എന്നിങ്ങനെയുള്ള കാര്യങ്ങളെ മദ്യപാനം എങ്ങനെ നേരിട്ട് ബാധിക്കുന്നു എന്നതിനെക്കുറിച്ച് എഎഐ റിപ്പോർട്ടിൽ കൃത്യമായി വിശകലനം ചെയ്യുന്നു. ഇതിനൊപ്പമാണ് തൊഴിലിടങ്ങളിലെ ഉത്പാദനക്ഷമതയെയും മദ്യം നേരിട്ട് സാരമായി ബാധിക്കുന്നുവെന്ന് റിപ്പോർട്ടിൽ പ്രതിപാദിച്ചിരിക്കുന്നത്. മദ്യം തൊഴിലാളികളുടെ ഉത്പാദനക്ഷമത കുറയ്ക്കും. മദ്യപിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ മദ്യപിക്കുന്നവർ തൊഴിലിടങ്ങളിൽ കൂടുതലായി അവധിയെടുക്കാറുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

