കോർക്ക്: കൗണ്ടി കോർക്കിലെ ബ്ലാക്ക്വാട്ടർ നദിയിൽ ഏകദേശം പതിനായിരത്തോളം ബ്രൗൺ ട്രൗട്ടുകൾ ചത്തയായി റിപ്പോർട്ട്. വിവിധ പരിശോധനകൾക്ക് പിന്നാലെ ഇൻലാൻഡ് ഫിഷറീസ് അയർലൻഡ് ആണ് വലിയൊരു ശതമാനം മീനുകൾ നശിച്ചതായി വ്യക്തമാക്കിയത്. അതേസമയം സംഭവ സ്ഥലത്ത് നിന്നും ശേഖരിച്ച സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുകയാണ് ഉദ്യോഗസ്ഥർ.
കഴിഞ്ഞ ആഴ്ചയായിരുന്നു മേഖലയിൽ മീനുകൾ കൂട്ടത്തോടെ ചത്ത് പൊന്തിയത്. നദിയുടെ 18 കിലോമീറ്റർ മേഖലയിൽ ആയിരുന്നു ദുരന്തം. സംഭവത്തിൽ ഐഎഫ്ഐയ്ക്ക് പുറമേ മറൈൻ ഇൻസ്റ്റിറ്റ്യൂട്ടും അന്വേഷണം നടത്തുന്നുണ്ട്. മറൈൻ ഇൻസ്റ്റിറ്റ്യൂട്ട് ശേഖരിച്ച സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിക്കാൻ താമസമുണ്ട്. അതിനാൽ മീനുകൾ ചത്ത് പൊന്താനുണ്ടായ യഥാർത്ഥ കാരണം വ്യക്തമാകാൻ മൂന്ന് ആഴ്ചയോളം കാത്തിരിക്കേണ്ടിവരും.
വെള്ളത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്താൽ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ഫംഗൽ അണുബാധയാണ് മീനുകളുടെ നാശത്തിന് കാരണമായത് എന്നാണ് സംശയിക്കുന്നത്.

