മത്സ്യ, മാംസ വിഭവങ്ങൾ ഇല്ലാതെ ആഹാരം കഴിക്കാൻ പറ്റില്ലെന്ന് പറയുന്നവർ നിരവധിയാണ് . അതിൽ ഏറെയും മലയാളികളുമാണ്. എന്നാൽ ഇപ്പോഴിതാ പുതിയ പഠന റിപ്പോർട്ട് പ്രകാരം മത്സ്യ, മാംസ വിഭവങ്ങൾ പ്ലേറ്റിൽ നിന്ന് നീക്കം ചെയ്യുന്നതിലൂടെ ഗുരുതരമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത് .
അമേരിക്കയിലെ ലോമ ലിൻഡ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ ഗവേഷണത്തിന് പിന്നിൽ . വടക്കേ അമേരിക്കയിൽ താമസിക്കുന്ന സെവൻത് ഡേ അഡ്വെന്റിസ്റ്റ് സഭയിലെ ഏകദേശം 80,000 ആളുകളിൽ 8 വർഷമായി ഗവേഷണം നടത്തുകയാണിവർ . വീഗൻ കഴിക്കുന്നവർക്ക് കാൻസർ സാധ്യത 25% കുറവാണെന്നും, സസ്യാഹാരം കഴിക്കുന്നവരിൽ കാൻസർ സാധ്യത 12% കുറവാണെന്നും, പാലും മുട്ടയും കഴിക്കുന്നവർക്ക് രക്താർബുദം വരാനുള്ള സാധ്യത കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കൊളോറെക്റ്റൽ കാൻസർ സാധ്യത 21% കുറവാണെന്നും,ആമാശയ അർബുദം വരാനുള്ള സാധ്യത 45% കുറവാണെന്നും ഗവേഷകർ പറയുന്നു. മാംസം കഴിക്കാത്ത ആളുകൾ പലപ്പോഴും മെലിഞ്ഞവരാണെന്നും, മദ്യം കുറച്ച് കഴിക്കുന്നവരാണെന്നും, പുകവലിക്കാത്തവരാണെന്നും, കുറച്ചുകൂടി വ്യായാമം ചെയ്യുന്നവരാണെന്നും ഗവേഷണം കണ്ടെത്തി. അവർ ഹോർമോൺ മരുന്നുകളും കുറച്ച് മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ.ലോകമെമ്പാടുമുള്ള 50 ൽ 27 രാജ്യങ്ങളിലും 50 വയസ്സിന് താഴെയുള്ളവരിൽ വൻകുടൽ കാൻസറിന്റെ വ്യാപനം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
മാംസവും പാലുൽപ്പന്നങ്ങളും ഉപേക്ഷിച്ച്, സസ്യാഹാരം സ്വീകരിച്ച്, ആരോഗ്യകരമായ ജീവിതശൈലി സ്വീകരിച്ചുകൊണ്ട് കാൻസർ സാധ്യത വലിയൊരളവ് വരെ കുറയ്ക്കാൻ കഴിയുമെന്ന് ഈ ഗവേഷണം കാണിക്കുന്നു

