ആലപ്പുഴ : വയോധികയുടെ മൃതദേഹം ദുരൂഹസാഹചര്യത്തിൽ അടുക്കളയിൽ കുഴിച്ചിട്ടതായി പരാതി. തുറവൂർ സ്വദേശിനിയായ രാധയാണ് മരിച്ചത് . മൃതദേഹം കുഴിച്ചിട്ട മകൻ ഗിരീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം . നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വീട്ടിൽ രാധയും ഗിരീഷും മാത്രമാണ് താമസിച്ചിരുന്നത്. മദ്യപാനിയായ ഗിരീഷുമായി ഒരുമിച്ച് പോകാനാകാത്തതിനാൽ ഭാര്യ രണ്ട് കുട്ടികളുമായി സ്വന്തം വീട്ടിലാണ് താമസിക്കുന്നത്.
കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ ഗിരീഷ് ബന്ധുക്കളെ വിളിച്ച് അമ്മ മരിച്ചതായും താൻ തന്നെയാണ് അന്ത്യകർമങ്ങൾ നടത്തിയതെന്നും അറിയിച്ചു. ചൊവ്വാഴ്ച രാവിലെ അമ്മ മരിച്ചുവെന്നാണ് ഗിരീഷ് ബന്ധുക്കളോട് പറഞ്ഞത് . സംഭവത്തെക്കുറിച്ച് അറിഞ്ഞ പോലീസ് വീട്ടിലെത്തി ഗിരീഷിനെ കസ്റ്റഡിയിലെടുത്തു. ഭക്ഷണം കൊണ്ടുവന്നപ്പോൾ അമ്മ അനക്കമില്ലാതെ കിടക്കുകയായിരുന്നു എന്നാണ് പൊലീസിനോട് ഗിരീഷ് പറഞ്ഞത്.
ഭാര്യ വീട്ടിൽ നിന്ന് മക്കളെ വിളിച്ചു കൊണ്ടുവന്ന ശേഷമാണ് മൃതദേഹം മറവ് ചെയ്തതെന്നാണ് നാട്ടുകാർ പറയുന്നത്. ‘ അമ്മൂമ്മ മരിച്ചു എന്നാണ് മക്കളോട് പറഞ്ഞത്. വരുന്ന വഴി മൺവെട്ടി വാങ്ങി. മൃതദേഹം കുഴിച്ചിട്ടശേഷം അടുപ്പുകല്ല് മുകളിൽവച്ചു. ആരോടും ഇക്കാര്യം പറഞ്ഞില്ല. അതിലാണ് ദുരൂഹത’’– നാട്ടുകാരിലൊരാൾ പറഞ്ഞു. കുട്ടികൾ വീട്ടിലെത്തിയപ്പോൾ അമ്മയോട് വിവരം പറഞ്ഞു. തുടർന്ന്, ഗിരീഷിന്റെ ഭാര്യ അയൽവാസിയെ വിവരം അറിയിച്ചു. അവർ കുത്തിയതോട് പൊലീസിനെ അറിയിക്കുകയായിരുന്നു.

