സന : യമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ മലയാളി നേഴ്സ് നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് യമൻ പ്രസിഡന്റ് അനുമതി നൽകി. ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കിയേക്കും . പാലക്കാട് കൊല്ലംങ്കോട് സ്വദേശിയാണ് നിമിഷപ്രിയ.
യമൻ പൗരന്റെ കുടുംബത്തെ നേരിൽ കണ്ട് നിമിഷപ്രിയയുടെ മോചനത്തിന് വേണ്ടി സംസാരിക്കുവാൻ അമ്മ പ്രേമകുമാരി യമനിൽ എത്തിയിരുന്നു . കേസിൽ വിചാരണ കോടതിയുടെ വിധി യമൻ സുപ്രീംകോടതി ശരിവെക്കുകയും, ശിക്ഷയിൽ ഇളവ് നൽകണമെന്ന ആവശ്യം തള്ളുകയും ചെയ്തു.
കഴിഞ്ഞ ജൂണിൽ സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ, കേന്ദ്ര
വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിൽ നിമിഷപ്രയുടെ മോചനത്തിന് വേണ്ടിയുള്ള ചർച്ചകൾക്കായി 16.71 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. തുടർന്നുള്ള കൂടിയാലോചനക്കായി എംബസി ബാങ്ക് അക്കൗണ്ട് വഴി 40,000 ഡോളർ കൈമാറാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് അമ്മ പ്രേമകുമാരി അപേക്ഷിക്കുകയും,
എന്നാൽ അപേക്ഷാ കേന്ദ്ര വിദേശകാര്യമന്ത്രാലയം അംഗീകരിക്കുകയും ചെയ്തിരുന്നു.
ഇന്ത്യൻ എംബസി കഴിഞ്ഞ സെപ്റ്റംബറിൽ അബ്ദുല്ല അമീർ എന്ന അഭിഭാഷകനെ നിയോഗിച്ചിരുന്നു. കേസിന്റെ ചർച്ചകക്കായി ആകെ 40000 യു എസ് ഡോളറാണ് ആവശ്യമായി വരിക എന്ന് അഭിഭാഷകൻ അറിയിക്കുകയും ചെയ്തു. തുടർന്ന്,
ചർച്ചകൾ ആരംഭിക്കുന്നതിനായി, ആദ്യ ഗഡുവായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വഴി 19871 ഡോളറിന്റെ ചെക്ക് അഭിഭാഷകന് കൈമാറിയിരുന്നു. പിന്നീട് രരണ്ടാം ഗഡുവായി 16.60 ലക്ഷം രൂപ ഉടൻ നൽകണമെന്ന് ആവശ്യപ്പെടുകയും കൈമാറിയാൽ മാത്രമേ ചർച്ചകൾ ആരംഭിക്കാൻ സാധിക്കുമെന്നും അറിയിച്ചു. ഇതാണ് മോചന ശ്രമത്തിന് തടസ്സമായത് .
2012 ലാണ് സനയിലെ ക്ലിനിക്കിൽ നേഴ്സ് ആയി നിമിഷപ്രിയ എത്തുന്നത്. 2014 ൽ, കൊല്ലപ്പെട്ട തലാൽ അബ്ദുമെഹദിയുമായി പരിചയത്തിൽ ആവുകയും, 2015 ഓടെ നിമിഷപ്രിയയും തലാലും ചേർന്ന് അവിടെ ഒരു ക്ലിനിക്ക് ആരംഭിക്കുകയും ചെയ്തു. നാളുകൾക്കു ശേഷം ക്ലിനിക്ക് ലാഭത്തിൽ ആയതോടെ തലാൽ നിമിഷപ്രിയ അറിയാതെ ക്ലിനിക്കിന്റെ ഷേയർ ഹോൾഡർ ആയി തന്റെ പേര് കൂടി ഉൾപ്പെടുത്തുകയും മാസ വരുമാനത്തിന്റെ പകുതി പണം കൈക്കലാക്കാൻ ശ്രമിക്കുകയും ചെയ്തു. കൂടാതെ പലരോടും അയാൾ നിമിഷപ്രിയയുടെ ഭർത്താവാണെന്നും പറഞ്ഞു.
ഇതോടെയാണ് നിമിഷപ്രിയയും തലാലും തമ്മിലുള്ള പ്രശ്നങ്ങൾ തുടങ്ങുന്നത്. പിന്നീട് തലാൽ നിമിഷപ്രിയയെ ശാരീരികമായി ആക്രമിക്കുകയും, സുഹൃത്തുക്കൾക്കൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ചെയ്തു. പിന്നീട് അയാളുടെ ഭാഗത്തുനിന്ന് പലതരത്തിലുള്ള ഭീഷണി ഉണ്ടായതിനെത്തുടർന്നാണ് 2017 ജൂലൈയിൽ മയക്കുമരുന്ന് കുത്തിവച്ച് നിമിഷപ്രിയ തലാലിനെ അബോധാവസ്ഥയിലാക്കിയത്. എന്നാൽ ഇയാൾ കൊല്ലപ്പെടുകയായിരുന്നു.
എന്നാൽ, കൊല്ലാൻ ഉദ്ദേശം ഉണ്ടായിരുന്നില്ല എന്നും തലാലിന്റെ കൈവശം ഉണ്ടായിരുന്ന തന്റെ പാസ്പോർട്ട് കൈക്കലാക്കുക എന്ന ലക്ഷ്യമാണ് തനിക്ക് ഉണ്ടായിരുന്നത് എന്നുമാണ് നിമിഷ പ്രിയയുടെ വാദം.