മസ്കറ്റ്: ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി ഫൈനലിൽ പാകിസ്താനെതിരെ തകർപ്പൻ ജയവുമായി അഞ്ചാം കിരീടം സ്വന്തമാക്കി ചരിത്രം കുറിച്ച് ഇന്ത്യ. ഹാട്രിക് ഉൾപ്പെടെ 4 ഗോളുകൾ നേടിയ അരൈജീത് സിംഗ് ഹുൻഡാലിന്റെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ 5-3 എന്ന സ്കോറിനാണ് ഇന്ത്യ ബദ്ധവൈരികളെ തകർത്തത്.
മത്സരത്തിന്റെ 4, 18, 54 മിനിറ്റുകളിൽ കിട്ടിയ പെനാൽറ്റി കോർണറുകൾ ഗോളുകളാക്കി മാറ്റിയതിന് പുറമേ നാൽപ്പത്തിയേഴാം മിനിറ്റിൽ ലഭിച്ച മികച്ച അവസരവും അരൈജീത് കൃത്യമായി പാക് വലയിലെത്തിച്ചു. പത്തൊൻപതാം മിനിറ്റിൽ ദിൽരാജ് സിംഗും ഇന്ത്യക്ക് വേണ്ടി സ്കോർ ചെയ്തു.
മൂന്നാം മിനിറ്റിൽ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് ഹനാൻ ഷാഹിദ് പാകിസ്താന് ആദ്യ ലീഡ് സമ്മാനിച്ചു. എന്നാൽ തൊട്ടടുത്ത മിനിറ്റിൽ ഇന്ത്യ ഒപ്പമെത്തി. തുടർന്ന് ഇന്ത്യൻ കേളീമികവിന്റെ ഒഴുക്ക് കണ്ട മത്സരത്തിൽ, 30, 39 മിനിറ്റുകളിൽ ലഭിച്ച പെനാൽറ്റി കോർണറുകൾ സൂഫിയാൻ ഖാനിലൂടെ ലക്ഷ്യത്തിലെത്തിച്ചുവെങ്കിലും പാകിസ്താന് ജയിക്കാൻ അത് മതിയാകുമായിരുന്നില്ല.
കരുത്തരായ ഇന്ത്യക്കെതിരെ മികച്ച പോരാട്ടം കാഴ്ചവെക്കാൻ സാധിച്ചു എന്ന കാര്യത്തിൽ പാകിസ്താന് ആശ്വസിക്കാം. പാക് ഗോൾ കീപ്പർ മുഹമ്മദ് ജന്യുവയുടെ മികച്ച സേവുകൾ കൂടി ഇല്ലായിരുന്നുവെങ്കിൽ അരൈജീത് സിംഗ് അഞ്ചാം ഗോളും നേടുമായിരുന്നു എന്ന് മാത്രമല്ല, ഇന്ത്യ ലീഡ് ഇനിയും ഉയർത്തുമായിരുന്നു.
2004, 2008, 2015, 2023 എന്നീ വർഷങ്ങളിലും ഇന്ത്യയായിരുന്നു ഹോക്കിയിലെ ജൂനിയർ ഏഷ്യൻ ചാമ്പ്യന്മാർ.